കൊട്ടാരക്കര: കല്ലടയാറിന് കുറുകെ കുളക്കട പഞ്ചായത്തില്‍ വീണ്ടുമൊരു തൂക്കുപാലം നിര്‍മിക്കുന്നു. മഠത്തിനാപ്പുഴ കടവില്‍ നിന്ന് മറുവശത്ത് പത്തനംതിട്ടയെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ തൂക്കുപാലം നിര്‍മിക്കുക. കെ.എന്‍. ബാലഗോപാല്‍ മന്ത്രിയായിരിക്കെ സംസ്ഥാന ബജറ്റില്‍ ഒരു കോടി പദ്ധതിയ്ക്കായി അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയും പഞ്ചായത്ത്, ബ്ളോക്ക് ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘവും ഒപ്പം ഉണ്ടായിരുന്നു. കല്ലടയാറിനോട് ചേരുന്ന പഞ്ചായത്താണ് കുളക്കട. ആറിന് അപ്പുറം പത്തനംതിട്ട ജില്ലയാണ്. പഴയകാലത്ത് കടത്ത് തോണികളായിരുന്നു നാട്ടുകാരുടെ ആശ്രയം. വിദ്യാര്‍ഥികളും മറ്റ് ജോലികള്‍ക്ക് പോകുന്നവരുമടക്കം കടത്ത് തോണികളെ ആശ്രയിച്ചാണ് മറുകരയിലെത്തിയിരുന്നത്. എംസി റോഡിലെ ഏനാത്ത് പാലം കാലങ്ങളായി ഉണ്ട്. അതിന് അധിക ദൂരത്തല്ലാതെയാണ് ഇളംഗമംഗലം തൂക്കുപാലമുള്ളത്. ഇടക്കാലത്ത് തൂക്കുപാലം തകര്‍ന്നുപോയെങ്കിലും പിന്നീട് നവീകരിച്ചു. ഇപ്പോള്‍ നിരവധി ആളുകള്‍ ഈ തൂക്കുപാലം ഉപയോഗിക്കുന്നുണ്ട്. കാല്‍നട യാത്രികര്‍ക്ക് പുറമെ ആല്‍ബം, കല്യാണ വീഡിയോസ് ഷൂട്ട് ചെയ്യാനുമൊക്കെ ഈ തൂക്കുപാലത്തില്‍ ആളുകളെത്തും. കാഴ്ച കാണാനുള്ളവരുമെത്താറുണ്ട്.
ഇളംഗമംഗലം തൂക്കുപാലത്തിന് ശേഷം വീണ്ടുമൊരു തൂക്കുപാലം കൂടി കുളക്കട പഞ്ചായത്തിലെത്തുന്നത് നാട് സ്വാഗതം ചെയ്യുകയാണ്. തെങ്ങമാമ്പുഴ കടവിലും പുതിയ പാലം നിര്‍മിക്കാന്‍ പദ്ധതി ആയി. അഞ്ചു കോടിയാണ് അനുവദിച്ചത്.